Wednesday, September 4, 2013

കുറിയേടത്ത് താത്രി !!

കേരളത്തിൽ    നടന്ന സ്മര്ത്ത വിചാരങ്ങളിൽ ഏറ്റവും വിവാദമായ ഒന്നിൽ വിചാരണ ചെയ്യപ്പെട്ട  നമ്പൂതിരി  യുവതി ആയിരുന്നു കുറിയേടത്ത് താത്രി അഥവാകുറിയേടത്ത് സാവിത്രി. അതിനു മുൻപ് പല സ്മാർത്തവിചാരങ്ങളും, ശേഷം ഒരു സ്മാർത്തവിചാരവും, നടന്നിട്ടുണ്ടെങ്കിലും കേരളത്തിൽ വളരെ അധികം കോളിളക്കങ്ങൾ സൃഷ്‌ടിക്കുകയും, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ചെയ്ത സ്മാർത്തവിചാരമായിരുന്നു കുറിയേടത്തു താത്രിയുടെത്.
ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ  തലപ്പള്ളി താലൂക്കിൽ  കൽപ്പകശേരി ഇല്ലത്തിലാണ് താത്രി ജനിച്ചത്. പതിമൂന്നാം വയസ്സിൽ തലപ്പള്ളിയിലെ തന്നെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ  കുറിയേടത്തില്ലത്തിലെ രാമൻ നമ്പൂതിരിയുമായി വിവാഹിതയായി. 1905-ന്റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം ആരംഭിച്ച് പൂർത്തീകരിച്ചത്. താത്രിയുടെ സ്മാർത്ത വിചാരത്തിനൊടുവിൽ താത്രിയും ഭർത്താവും അടക്കം 66 പേർക്ക് ഭ്രഷ്ടുണ്ടായി.

താത്രിയുടെ നടപ്പുദോഷം / അടുക്കളദോഷത്തെക്കുറിച്ച് (സ്വഭാവദോഷം) അറിവ് ലഭിച്ചതിനെ സ്മാർത്ത വിചാരം നടത്തുകയുമായിരുന്നു. അയൽവാസിയായ നമ്പൂതിരി, ബന്ധപ്പെട്ട നമ്പൂതിരിയോഗത്തിൽ അക്കാര്യം അറിയിച്ചതിനെത്തുടർന്ന്, അന്വേഷണമാരംഭിക്കുകയാണുണ്ടായത്. 1904 അവസാനം തന്നെ താത്രിയുടെ സ്മാർത്തവിചാരം ഒരു വട്ടം കഴിഞ്ഞിരുന്നു, എന്നാൽ വിവാദങ്ങളെത്തുടർന്ന് ഒരു പ്രാവശ്യം കൂടി സ്മാർത്തവിചാരം നടത്താൻ രാജാവ് കല്പിക്കുകയായിരുന്നു. 1905 ജനുവരി 2-നു ആണ് സ്മാർത്ത വിചാരത്തിനുള്ള രാജകൽ‌പ്പന ഉണ്ടായത്. പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു സ്മാർത്തൻ. മറ്റു നാലു സഹായികളും രാജാവിന്റെ പ്രതിനിധിയും സ്മാർത്ത വിചാരത്തിൽ പങ്കാളികളായി. സ്മാർത്തവിചാരത്തിൽ താത്രി 65 ആൾക്കാരുടെ പേരാണ് പറഞ്ഞത്. താനുമായി ബന്ധം പുലർത്തിയിരുന്നതായി താത്രി പറഞ്ഞവരിൽ പലരും, അവരുടെ അച്ഛനും (കല്പകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരി), അച്ഛനു മറ്റൊരു വേളിയിലുണ്ടായ സഹോദരനും (കല്പകശ്ശേരി നാരായണൻ നമ്പൂതിരി) ഉൾപ്പെടെ, അവരുടെ അടുത്ത ബന്ധുമിത്രാദികളിൽ പെടുന്നവരായിരുന്നു. 65 ആൾക്കാരെയും നോട്ടീസ് അയച്ചു വിളിപ്പിച്ചിരുന്നുവെങ്കിലും 60 പേർ മാത്രമാണ് വിചാരത്തിന്റെ സമയത്ത് ഹാജരുണ്ടായിരുന്നത്. ശേഷിച്ച അഞ്ചു പേരിൽ രണ്ടു പേർ അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു (തോന്നല്ലൂർ കൃഷ്ണവാരിയരും ഞാറക്കൽ അച്ചുതപ്പിഷാരടിയും). പാറത്തിൽ ശ്രീധരൻ നമ്പൂതിരിയ്ക്ക് അതിയായ ക്ഷീണമാണെന്നും ആറങ്ങോട്ടു ശേഖരവാരിയർ തീർഥാടനത്തിനു പോയിരിക്കുന്നതായും പുഷ്പകത്ത് കുഞ്ഞിരാമൻ നമ്പീശൻ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതായും അറിവ് കിട്ടിയതിനെ തുടർന്ന് അവർ വിചാരത്തിൽ പങ്കെടുത്തിട്ടില്ല എന്നാണു രേഖകളിലുള്ളത്. കുറ്റം ചാർത്തപ്പെട്ട 60-ൽ 59 പേരും കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. തെക്കേമടത്തിൽ ശാമു രാമു പട്ടർ കുറ്റം സമ്മതിച്ചുവെങ്കിലും വേഴ്ച നടന്ന സമയത്ത് തനിക്കു പ്രായ പൂർത്തിയായിട്ടുണ്ടായിരുന്നില്ലെന്നു വാദിച്ചു. പ്രായപൂർത്തിയാവാത്തത് കുറ്റം ചെയ്തിട്ടില്ല എന്നോ അത് ചെയ്യാൻ പ്രാപ്തിയുണ്ടായിരുന്നില്ല എന്നോ അർത്ഥമാക്കുന്നില്ല എന്നായിരുന്നു സ്മാർത്തൻ ഈ അവസരത്തിൽ നിരീക്ഷിച്ചത്.തുടർന്ന് വിചാരണ ചെയ്യപ്പെട്ടവരെല്ലാം ഭ്രഷ്ടരാക്കപ്പെടുകയുണ്ടായി.
രേഖകൾ പ്രകാരം കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം 1904-ന്റെ അവസാന കാലത്ത് തന്നെ ആചാരപ്രകാരം അവസാനിച്ചിരുന്നതാണ്. താത്രിക്കുട്ടിയും ദോഷം ചെയ്തതായി ആരോപിക്കപ്പെട്ട 65 പുരുഷന്മാരും ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് പുറത്താക്കപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാൽ അന്നത്തെ പ്രത്യേക സാമൂഹികാന്തരീക്ഷത്തിൽ സ്മാർത്തവിചാരം വീണ്ടും, രാജാവിന്റെ പ്രത്യേക മേൽനോട്ടത്തിൽ, നടത്തപ്പെടണം എന്ന ആവശ്യം പരക്കെ ഉന്നയിക്കപ്പെടുകയുണ്ടായി. രേഖകൾ പ്രകാരം രാജാവിനു താത്രിയുടെ സ്മാർത്തവിചാരത്തിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു എന്ന് കാണാം. താത്രിയുമായി സംസർഗം ഉണ്ടായവരിൽ രാജാവോ രാജാവിന്റെ ഒരു അടുത്ത ബന്ധുവോ ഉൾപ്പെട്ടിട്ടുണ്ട് എന്ന ഒരു ആരോപണം ആ കാലത്തു വ്യാപകമായിരുന്നു എന്നതിനാലാകണം ഇത് എന്നാണു് ഭാസ്കരനുണ്ണി തന്റെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പറയുന്നത്. അതല്ലാതെ തന്നെ താത്രിയുടെ സ്മാർത്തവിചാരം ഒരു വലിയ വാർത്തയായിക്കഴിഞ്ഞിരുന്നു. 1904ൽ ആദ്യവിചാരം കഴിഞ്ഞ ഉടനെത്തന്നെ ഉണ്ടായ ഇത്തരം വാദകോലാഹലങ്ങൾക്കൊടുവിലാണ് ആചാരങ്ങളിൽ ചെറിയ തിരുത്തുകളുമായി താത്രിയുടെ വിചാരം വീണ്ടും നടത്താനുള്ള തീരുമാനം ഉണ്ടായത്.സ്മാർത്തവിചാരത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ആരോപണ വിധേയരായ പുരുഷന്മാർക്ക് തങ്ങളുടെ വാദങ്ങൾ കേൾപ്പിക്കുവാനുള്ള അവസരം ഉണ്ടായത് അങ്ങനെയാണ്. നടപ്പാചാരമാനുസരിച്ച് വിചാരണ ചെയ്യപ്പെട്ടിരുന്ന അന്തർജ്ജനത്തിനെയും (സാധനം എന്നാണു് സ്മാർത്തവിചാരത്തിനു വിധേയമാകുന്ന സ്ത്രീയെ വിളിച്ചിരുന്നതു്. ആ ഘട്ടത്തിൽ സ്വന്തം പേരു പോലും അവർക്കു നഷ്ടമാകുന്നു) അവർ ചൂണ്ടി കാണിക്കുന്ന ആളുകളെയും പുറത്താക്കുക എന്നതാണ് അന്നോളം അനുഷ്ടിച്ചു പോന്നിരുന്ന കീഴ്‌വഴക്കം. നീതി-ന്യായ വ്യവസ്ഥകളിൽ സമൂലം മാറ്റങ്ങൾ വന്നു കൊണ്ടിരുന്ന അന്നത്തെ കാലത്തു ഇതിനെതിരെ കാര്യമായ എതിർപ്പുകൾ ഉയരുകയും തദ്ഫലമായി പുരുഷവിചാരം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
താത്രിക്കുട്ടിയുടെ സ്വഭാവദൂഷ്യം ചെമ്മന്തിട്ടയിലും കല്പകശ്ശേരിയിലും പരക്കെ അറിയപ്പെട്ടിരുന്ന ഒന്നാണ് എന്ന് രേഖകളിൽ കാണുന്നു. താത്രിയുമായി സ്ഥിരം സംസർഗ്ഗം ഉണ്ടായതായിപ്പറയപ്പെട്ടിരുന്ന പാലത്തോൾ രവി നമ്പൂതിരിയും (61-ാം പ്രതി ആയ ഇട്ടീരി) കൂട്ടുകാരും താത്രിക്കുട്ടിയുമായി നടന്ന സംഭാഷണങ്ങളിൽ നിന്നും വരാൻ പോവുന്ന വിചാരണയെക്കുറിച്ചു പരാമർശം ഉണ്ട്. അങ്ങനെ വരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് താത്രിയോടു തന്നെ അവർ നേരിട്ട് സംസരിച്ചിരുന്നതായും കാണാം. മേല്പറഞ്ഞ സംഭാഷണം നടന്നത് ഉദ്ദേശം 1898-99 ആയി വരുമെങ്കിലും ആരും കൃത്യമായി മുൻകൈ എടുക്കാതിരുന്നതിനാലാവണം വിചാരം വീണ്ടും മുന്നോട്ടു പോവുകയുണ്ടായത്. ഏതായാലും കുറിയേടത്ത് താത്രിയുടെ അടുക്കളദോഷം വിചാരണ ചെയ്യപ്പെടേണ്ടതിലേക്ക് സ്വീകരിക്കേണ്ടതായ മേൽനടപടികൾ 1904-ന്റെ പ്രാരംഭ കാലത്തുതന്നെ ആരംഭിച്ചിരുന്നു. ആചാരവിധി പ്രകാരം നടന്ന ആദ്യവിചാരത്തിൽ താത്രി ഉൾപ്പെടെയുള്ള എല്ലാവർക്കും ഭ്രഷ്ട് കല്പിച്ചെങ്കിലും വിചാരം ഒന്ന് കൂടി വിപുലമായും നീതിനിഷ്ടമായും നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് താത്രിയെ ആദ്യവിചാരം നടന്ന ഇരിങ്ങാലക്കുടയിൽ  നിന്നും കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് കൊണ്ടു വരികയാണ് ഉണ്ടായത്. താത്രിയുടെ നേരെ വധ ഭീഷണിയുണ്ട്, അവരെ തട്ടിക്കൊണ്ടു പോകാൻ ചിലർ ശ്രമിക്കുന്നു, എന്ന വാർത്തകളെ ചൊല്ലി താത്രിയെ അതീവ സുരക്ഷാ സൗകര്യങ്ങളോടു കൂടി തൃപ്പൂണിത്തുറയിലെ കുന്നുമ്മൽ ബംഗ്ലാവിൽ (ഹിൽ പാലസ്) ആണു താമസിപ്പിച്ചത്. രണ്ടാം തവണയാണ് താത്രിയുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചത്. ആദ്യവിചാരം നടക്കുന്ന വേളയിൽ ഇതേ കാരണത്താൽ താത്രിയെ വിചാരണ നടന്നിരുന്ന ഭർത്താവിന്റെ നാടായ ചെമ്മന്തിട്ടയിൽ  നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടു വന്നിരുന്നു.
പരപുരുഷബന്ധത്തിനു ശേഷവും താത്രിയുമായി ബന്ധപ്പെട്ടതിനാലാണ് അവരുടെ ഭർത്താവിനെതിരെയും ഭ്രഷ്ട് കല്പിച്ചത്. ഭ്രഷ്ട് കല്പിക്കുമ്പോൾ ഭ്രഷ്ടരാക്കപ്പെട്ടവരുടെ മക്കളും സമുദായത്തിൽ നിന്നും പുറത്താക്കപ്പെടും എന്നതിനാൽ, ചിലരുടെ കുട്ടികളും ഭ്രഷ്ടരായി. സാധനവുമായി വേഴ്ച നടന്ന കാലത്ത് ഉണ്ടായ സന്താനങ്ങൾക്കാണു ഇത്തരത്തിൽ ഭ്രഷ്ട് കല്പ്പിച്ചിരുന്നത്. ഇട്ടീരിയും താത്രിയുമായി വിചാരത്തിനു മുൻപ് നടന്ന സംഭാഷണത്തിൽ ഇതായിരുന്നു പരാമർശ വിഷയം. തന്റെ സന്താനങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ വേഴ്ച തീയതികൾ സ്മാർത്തനു മുന്നിൽ അവതരിപ്പിക്കണം എന്ന് ഇട്ടീരി തന്നോടു ആവശ്യപ്പെട്ടതായിട്ടാണ് താത്രി തന്റെ മൊഴിയിൽ പറയുന്നത്. അവരുടെ ജനനസമയത്തൊന്നും തന്നെ തനിക്കു ഇട്ടീരിയുമായി വേഴ്ചയുണ്ടായിട്ടില്ലെന്നു താത്രി പിന്നീട് പറയുകയും ചെയ്യുന്നുണ്ട്.
1905 ജൂലൈ 13-നു ആണ് ഭ്രഷ്ട് കൽപ്പനയുണ്ടായത്. 30 നമ്പൂതിരിമാർ, 10 അയ്യർ, 13 അമ്പലവാസികൾ, 11 നായന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഭ്രഷ്ടരായി ബാലികയായിരിക്കെ, പിന്നീട് ഭർത്താവിന്റെ ജ്യേഷ്ഠനായിത്തീർന്ന നമ്പൂതിരി ബലാത്സംഗം ചെയ്തതിനും മറ്റു പലഭാഗത്തു നിന്നും ഉണ്ടായ ലൈംഗിക പീഡനത്തിനും പകരം വീട്ടിയാണ് താത്രി ഇങ്ങനെ ചെയ്തതെന്നും നിരവധി പേരുകൾ പറഞ്ഞതെന്നും പറയപ്പെടാറുണ്ട്. മുമ്പുണ്ടായിട്ടുള്ള സ്മാർത്തവിചാരങ്ങളിൽ പേരുകൾ പറയിക്കുവാൻ പലതരം പീഡനങ്ങൾ സ്മാർത്തൻ ചെയ്തിരുന്നുവെന്നും, എന്നാൽ താത്രിയുടെ സ്മാർത്തവിചാരത്തിൽ യാതൊരുവിധ പീഡനങ്ങളും ഉണ്ടായിട്ടില്ലന്നും പറയപ്പെടുന്നു. ഒരവസരത്തിലും പറഞ്ഞ കാര്യങ്ങൾ താത്രി മാറ്റിപ്പറഞ്ഞിരുന്നില്ല. ഓത്തുള്ള നമ്പൂതിരിമാർ 28, ഓത്തില്ലാത്തവർ 2, പട്ടന്മാർ 10, പിഷാരോടി 1, വാരിയർ 4, പുതുവാൾ 2, നമ്പീശൻ 4, മാരാർ 2, നായർ 12 എന്നിങ്ങനെയാണ് ഭ്രഷ്ടായവരുടെ ജാതി തിരിച്ചുള്ള കണക്കുകൾ എന്നും പറയപ്പെടുന്നു

അനന്തരകാലം


സർക്കാർ രേഖകളിൽ താത്രിയെ ഭ്രഷ്ടിനു ശേഷം ചാലക്കുടി പുഴയുടെ  സമീപത്തുള്ള സർക്കാർ മഠത്തിലേയ്ക്ക് കൊണ്ടുപോയി എന്നാണ് അവസാനം രേഖപ്പെടുത്തിയിട്ടുള്ളത്. അതിനു ശേഷമുള്ള അവരുടെ ജീവിതത്തെ കുറിച്ച് യാതൊരു രേഖകളും ലഭ്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ധാരാളം കേട്ടുകേൾവികൾ ഉണ്ട്. ഭ്രഷ്ടായ താത്രി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനിയായ ഒരാളെ വിവാഹം കഴിച്ചുവെന്നാണ് ഏറെ പ്രശസ്തിയുള്ള വിശ്വാസം. പ്രശസ്ത സിനിമാനടി ഷീലയുടെ അമ്മയുടെ അമ്മയാണിവരെന്നും പറയപ്പെടുന്നുണ്ട്. മുമ്പ് ഷീല ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്.
ഒമ്പതു മുതൽ 23 വയസ്സുവരെയുള്ള കാലയളവിൽ നിരവധി പുരുഷന്മാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും താത്രി ഗർഭിണിയായതായോ ഗർഭച്ഛിദ്രം നടത്തിയതായോ ആരും പറഞ്ഞുകേട്ടിട്ടില്ലന്നും അതേസമയം, ഭ്രഷ്ടിനുശേഷം പുനർവിവാഹിതയായതോടെ രണ്ടുപെൺകുട്ടികൾക്കും ഒരാൺകുട്ടിക്കും ജന്മം നൽകിയതായും പറയുന്നു. ഇത് താത്രിയ്ക്ക് ഒരുതരം രോഗാവസ്ഥയാണുണ്ടായിരുന്നതെന്നതിന് ഉദാഹരണമായി കാണിക്കപ്പെടാറുണ്ട്.

കിംവദന്തികൾ 


1905-ലെ സ്മാർത്തവിചാരത്തിൽ താത്രിയുടെ പിതാവ് അഷ്ടമൂർത്തിയും ഭ്രഷ്ടാക്കപ്പെട്ടതോടെ താത്രിയുടെ ജന്മദേശമായ ആറങ്ങോട്ട് കരയിൽ, അഷ്ടമൂർത്തി പൂജ ചെയ്തിരുന്ന കാർത്യായനി ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയെന്നാണ് വിശ്വാസം, വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ 'മാധവീലത' എന്ന മരത്തിനാണ് ഇപ്പോൾ പൂജ ചെയ്യുന്നത്. പിന്നീട് പ്രേതമായിത്തീർന്ന താത്രിയെ, താത്രിയെ വിവാഹം ചെയ്തയച്ച കല്പകശേരിയില്ലത്ത്, കല്ലിൽ ആവാഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

No comments:

Post a Comment